Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  Hot News
 വ്യാജന്മാർ പെരുകുന്നു. വിശ്വാസികൾ ശ്രദ്ധിക്കുക !


എന്തിനും ഏതിനും “ഡ്യൂപ്ലിക്കേറ്റ്” ഉള്ള കാലമാണിത്. ഏതു നല്ല സാധനങ്ങളും വിപണി പിടിച്ചെടുത്താൽ ഉടനെ അതിന്റെ വ്യാജനെ പ്രതീക്ഷിക്കാം. വിശ്വാഗോളത്തിലും വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി. പ്രവചനം, പ്രസംഗം, അനുഭവസാക്ഷ്യം എന്നിവ സകലത്തിലും ഇവരെ പ്രതീക്ഷിക്കാം. എതാ ഒറിജിനൽ എന്നു തിരിച്ചറിയാതെ പാവപ്പെട്ട വിശ്വാസികൾ വലയുകയാണ്‌.

പണ്ട് പെന്റെക്കോസ്ത്കാർ വളരെ ചുരുക്കമേ ഉണ്ടായിരുന്നുള്ളു. അവർ സമൂഹത്തിൽ നിന്ദിതരും തള്ളപ്പെട്ടവരും ആയിരുന്നു. എല്ലാത്തിനും ഏതിനും ദൈവം മാത്രം. ക്രിപാവരങ്ങൾ പ്രാപിച്ചവർ നാമമാത്രമായിരുന്നു. ചുരുക്കം പ്രവാചകന്മാർ ഉണ്ടായിരുന്നുള്ളു. അനുഭവസാക്ഷ്യം പറയുന്നവർ തങ്ങളുടെ അനുഭവം മാത്രമായിരുന്നു തങ്ങൾക്കു പറയാനുണ്ടായിരുന്നത്. അത് ദൈവനാമ മഹത്വത്തിനുവേണ്ടി മാത്രം.  എന്നാൽ ഇന്ന് കാലം മാറി. ഭൗമിക നന്മകൾ പെന്റെക്കോസ്ത്കാരെ അടിമുടി മാറ്റിമറിച്ചു. ഉപദേശിമാരെ ദൈവത്തെപോലെ കണ്ട വിശ്വാസികൾ തങ്ങൾക്കു ലഭിച്ച നന്മകൾ പ്രാർത്ഥിച്ച ദൈവദാസന്മാർക്കും ധാരാളമായി കൊടുത്തു. പിന്നെ പിന്നെ ഇതു ഒരു കച്ചവടം (പച്ചകപടം) ആയി മാറി. പണത്തിനും പ്രശസ്തിക്കും വേണ്ടി ഏതു വേഷവും കെട്ടാൻ തയ്യാറായി.

ആദ്യം ഒരു കൂട്ടർ പ്രവചനം ഒരു തൊഴിലാക്കി മാറ്റി.അമേരിക്കയിലേയും ഗൾഫിലേയും വിപണി അവർ അതിവേഗം പിടിച്ചെടുത്തു ഇപ്പോൾ അതു അത്ര അങ്ങ് ഏശുന്നില്ല എന്ന് തോന്നിയപ്പോൾ ഇറങ്ങിയ പുതിയ ഉല്‌പന്നം ആണു ഞെട്ടിപ്പിക്കുന്ന “അനുഭവസാക്ഷ്യം”. കേട്ടാൽ കല്ലുപോലുള്ള ഏതു ഹൃദയവും മെഴുകുപോൽ ഉരുകിതീരും. ഇപ്പോൾ ആൾക്കാർക്ക് പ്രസംഗം വേണ്ട. അനുഭവസാക്ഷ്യം മതി. ബീബി, നഗ്മ, വോക്കർ, മുല്ലക്കര, ബെനഡിക്റ്റ് തുടങ്ങിയ ദേശീയ സിനിമ സാക്ഷ്യ കഥയിൽ തുടങ്ങി നാം ബെർണാഡ് എന്ന അന്തർദേശീയ മിഷനറിയിൽ എത്തിനിൽക്കുന്നു. കേട്ടാൽ കരയാത്തവരാരും കാണും എന്നു തോന്നുന്നില്ല. ഒരു വേശ്യയുടെ മകനായി ജനിച്ച ഇദ്ദേഹം ദൈവം നേരിട്ടു വന്നു സംസാരിച്ചു സകല വരങ്ങളും നിറഞ്ഞ് ഇന്നത്തെ നിലയിൽ എത്തിനില്ക്കുന്നു. ഇദ്ദേഹം പറയുന്നതൊക്കെ സത്യമാണോ കള്ളമാണോ എന്നൊക്കെ നോക്കാൻ ആർക്കു നേരം. പറഞ്ഞതിനും പറയാത്തതിനും കേട്ടതിനും കേൾക്കാത്തതിനും എല്ലാം ഹല്ലേല്ലുയ്യായും സ്ത്രോത്തവും പറഞ്ഞു പഠിച്ച നമ്മൾ കേട്ടതൊക്കെ വിഴുങ്ങി. ഏതുകാര്യത്തിനും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന നമ്മൾ ബെർണാഡിനെ കുറിച്ച് അറിയാൻ ഗൂഗിളിൽ ഒന്നു നോക്കിയാൽ മതി നീണ്ട ഒരു ലിസ്റ്റ് തന്നെ കാണാം.

കൃസ്ത്യൻ ഫൈത്ത് എന്ന വെബ്സൈറ്റിൽ വക്തമാക്കുന്നു ഇദ്ദേഹത്തിന്റെ മാതാവ് ഒരു റ്റൈപിസ്റ്റ് ആണെന്ന്. മാത്രവുമല്ല തന്റെ സാക്ഷ്യവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും തെറ്റാണെന്ന് ഈ സൈറ്റിൽ തെളിവു സഹിതം വിവരിക്കുന്നു. ഇയിടെ കേരളത്തി പോയ ബെർണാഡനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്‌ പല മാധ്യമങ്ങളിൽ കൂടി അറിയാൻ കഴിഞ്ഞത്. ഇന്ത്യാ വിഷൻ റ്റിവിയിൽ കൂടി സംപ്രേക്ഷണം ചെയത ന്യൂസ് കണ്ടാൽ മതി ഇദ്ദേഹത്തിന്റെ ശിശ്രൂഷ കാണാൻ. ഇവിടെകൊണ്ടും തീരുന്നില്ല. യുറ്റ്യൂബിൽ ഇദ്ദേഹത്തിന്റെ പല കലാപരിപാടികളും നമുക്ക് വീഡിയോയിൽ കാണാം. തിരുവനന്തപുരത്ത് ഭൂതഭാധിതയായ ഒരു സ്ത്രീയുടെ അപ്പുറവും ഇപ്പുറവും കാലുകൾ വെച്ച് നിൽക്കുന്ന കാഴ്ച കണ്ടാൽ ആർക്കാണ്‌ ഭൂതംഭാധിച്ചതു എന്നു തോന്നിപോകും. മാത്രവുമല്ല ഉന്ത്, തള്ള്, ഉ​‍ൂത്ത്, വീഴ്ത്തൽ എന്നി കലാപരിപാടികളും യഥേഷ്ടം യൂറ്റ്യൂബിൽ കാണാനുണ്ട്.

 

ബെർണാഡ് തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ ഭൂതം പുറത്താക്കുന്നു

ഇന്ന് പലരുടേയും സാക്ഷ്യങ്ങൾക്ക് അനുഭവങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. മനുഷരെ ഇളക്കാൻ എന്തെക്കെയോ വിളിച്ചു പറയുന്നു. കേൾക്കുന്ന പാവപ്പെട്ട വിശ്വാസികൾ അതെല്ലാം വിശ്വസിക്കുന്നു. ഇതെല്ലാം അറിഞ്ഞിട്ടും പിന്നേയും ആൾക്കാരെ കൂട്ടാനും ഇളക്കാനും ഇങ്ങനെയുള്ള ആൾക്കാരെ വിളിച്ചു കൺവൻഷൻ നടത്തുന്ന പെന്റക്കോസ്ത് പാസ്റ്റർമാരെയും അതിനു കൂട്ടുനിൽക്കുന്ന സഭകളേയും മനസ്സിലാകുന്നില്ല. വചനം പറയുന്നു “കർത്താവേ കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീരൃപ്രവർത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല. അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.” ആർ എന്തു ചെയ്യുന്നു എന്നല്ല കാര്യം. ഈ നാളിൽ ശിശ്രൂഷകളെ വിവേചിച്ച് അറിഞ്ഞില്ല എങ്കിൽ കർത്താവ് അറിയാത്ത ചിലരെ നാം വെറുതെ കൊണ്ടുനടക്കുന്നു എന്നേ ഉള്ളു. 
 

ഇങ്ങനെയുള്ള ഇളക്കകൂട്ടങ്ങൾക്ക് നല്ല വിപണി ഉണ്ട്. അതിനനുസരിച്ച് നാം അവർക്ക് സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുത്ത് അവരെ വളർത്തി കൊണ്ടു വരികയാണ്‌. കൂറഞ്ഞപക്ഷം നാം നന്നായി ദൈവവചനം അറിയുന്നവരല്ലേ? നമ്മുടെപിതാക്കന്മാർ എത്ര വില കൊടുത്തും വചനത്തെ മുറുകെപിടിച്ചു. ആദ്യകാല സുവിശേഷവേലക്കാരുടെ മക്കളാണ്‌ ഇന്നു ഇവരെപോലെയുള്ളവരെ ചുമന്നു കൊണ്ടുനടക്കുന്നത് എന്നതു ഒരു വിരോധാഭാസം ആയിരിക്കാം. ഇങ്ങനെയൊക്കെ ചെയ്താൽ ഇഗ്ലണ്ടും യൂറൊപ്പും എല്ലാംകൂടി കുലുങ്ങി ഒരു പുതിയ ഉണർവ്വ് തിരമാലപോലെ വരുമെന്നു മനകോട്ടകെട്ടുന്നവരോടു താഴ്മയായി പറയട്ടെ ഉള്ള ദൈവവചനം ഉള്ളതുപോലെ വിളിച്ചു പറ. അതിനുവേണ്ടിയാണ്‌ ദൈവം നമ്മെ ഈ ദേശത്തു കൊണ്ടു വന്നത്. നാം അത്രയും ചെയ്താൽ ദൈവം അതിന്റെ സമയത്തു ഉണർവ്വ് അയച്ചോളും. ഇവിടത്തെ എത്ര പാസ്റ്റർമാർക്ക് ധൈര്യത്തോടെ ദൈവ വചനത്തിലെ പത്ഥ്യോപദേശം അവരവരുടെ സഭകളിൽ പ്രസംഗിക്കാൻ കഴിയും. വചനത്തിന്‌ എതിരായിനടക്കുന്നതു വിലക്കാൻ ആർക്ക് ധൈര്യം ഉണ്ട്? ഒരു കാലത്ത് കെട്ടുതാലി പൊട്ടിച്ച് വലിച്ചെറിഞ്ഞ നമ്മുടെ മാതാപിതാക്കന്മാരുടെ പിൻതലമുറ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “കേരളക്കാർക്ക് വേണ്ടി ഒരു പ്രതേക സ്വർഗ്ഗം ഉണ്ടോ? അങ്ങനെ എങ്കിൽ മേയർ സ്വർഗ്ഗത്തിൽ പോകുമോ”? എന്റെ സഹോദരാ മേയർ സ്വർഗ്ഗത്തിൽ പോയാലേ നിങ്ങളു പോകുന്നുള്ളോ? എന്തിനധികം പറയുന്നു. 150 വിശ്വാസികളുള്ള കുത്തഴിഞ്ഞ ഒരു സഭയുടെ നേതാവ് ആയിരിക്കുന്നതിനേക്കാൾ പത്തു ഗുണപ്പെട്ട വിശ്വാസികൾ ഉള്ള ഒരു സഭയുടെ നല്ല ഇടയൻ ആയിരിക്കുന്നത് എത്രയോ നല്ലതു. ഇതു ഈ കാലത്തിലെ പെന്തക്കോസ്തുകാർ ഒന്നു മനസ്സിലാക്കിയിരുന്നു എങ്കിൽ എത്ര ഭാഗ്യം ആയിരുന്നേനെ. 

ഇന്ത്യവിഷന്റെ ലിങ്ക്

http://www.youtube.com/watch?v=X_fUn8fSkZ4&feature=related

http://www.christianfaith.com.au/resources/out-of-africa-an-article-on-bernard-blessing-by-adrian-van-leen

 


 

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies