തോമസ് മാത്യൂ - സൗദി അറേബ്യ
രക്ഷയുടേയും, പാപരഹിതമായ ഒരു ജീവിതത്തിന്റേയും സത്യങ്ങൾ മുറുകെ പിടിച്ചതിനാൽ അനേകം ദൈവമക്കൾക്ക് പല പീഢനങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. ദൈവത്തിനു വേണ്ടി യഥാർത്ഥമായി ജീവിക്കുന്നവരും, സുവിശേഷ പ്രവർത്തകരും ഇന്നും പീഢനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പീഢനം വർദ്ധിക്കുന്തോറും ജനം പെരുകി വരും. പീഢനങ്ങൾക്ക് ദൈവീക പ്രവർത്തിയെ തടഞ്ഞു നിർത്തുവാൻ സാധിക്കില്ല. പ്രവാഹങ്ങൾക്ക് അവന്റെ വേഗത കുറയ്ക്കുവാൻ സാധിക്കുകയില്ല. അഗ്നിജ്വാലകൾക്ക് അവന്റെ പുരോഗതിയെ തടയുവാനും കഴികയില്ല. "പച്ചപ്പുഴു തിന്ന സംവൽസരങ്ങളെ മാത്രമല്ല, തുള്ളൽ വെട്ടി നശിപ്പിച്ച സംവത്സരങ്ങളും കർത്താവ് നമുക്കായി വീണ്ടെടുത്തിരിക്കുന്നു. ദൈവവചനം പറയുന്നു" എന്നാൽ ക്രിസ്തു യേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും (2 തിമൊത്തി 3:12) ദൈവ വചനം അനുസരിക്കുന്ന മക്കൾ വിശ്വാസമെന്ന വളക്കൂറുള്ള മണ്ണിലേക്ക് ഒരു ഫലവൃക്ഷം നീതീകരണം എന്ന വേരൂന്നി അതിന്റെ ശിഖരങ്ങളിലൂടെ ജീവന്റെ വെളിച്ചം കാണുകയും, അനുഭവിച്ചറിയുന്നവരും അത്രെ. എന്നാൽ കർത്താവ് പ്രകടമാക്കിയ ജീവന്റെ വെളിച്ചത്തിൽ നടക്കാതെ സാത്താന്റെ തന്ത്രങ്ങളിൽ അകപ്പെട്ടാൽ നാം പിന്നെയും അവന്റെ അടിമനുകം പേറേണ്ടി വരും അതുകൊണ്ടത്രെ വെളിപ്പാട് പുസ്തകം 3:1 ൽ നാം വായിക്കുന്നത് "ജീവനുള്ളവൻ എന്നു നിനക്ക് പേരുണ്ടെങ്കിലും നീ മരിച്ചവൻ ആകുന്നു എന്ന് ". ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരായ് മാറിക്കൊണ്ടിരിക്കുന്നു. പ്രിയ സ്നേഹിതാ, വിശുദ്ധിയും, ആത്മ സമർപ്പണത്തിലും, വേരൂന്നിയുള്ള ഒരു ജീവിതം നയിച്ചാൽ തക്ക സമയത്ത് അവൻ നിന്നെ ഉയർത്തും. യോവേൽ പ്രവചനം ഇപ്രകാരം പറയുന്നു. "സീയോൻ മക്കളെ ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ. അവൻ തക്ക അളവായ് നിങ്ങൾക്കു മുൻമഴ തരുന്നു. അവൻ മുമ്പേ പോലെ നിങ്ങൾക്കു മുൻമഴയും, പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു". കർത്താവിനു വേണ്ടി എരിവുള്ളവരായ് സഭകളും, കൂട്ടായ്മകളും മാറണം. സർവ്വജാതികൾക്കും ഉണ്ടാകുവാനുള്ള മഹാ സന്തോഷമായി ഭൂമിയിൽ അവതരിച്ച ക്രിസ്തു സ്നേഹത്തിന്റെ സന്ദേശമാണ് നൽകിയത്. ക്രിസ്തുവിന്റെ ജനനത്തിങ്കൽ മാലാഖമാർ പാടിയതും ഇതത്രെ. "അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്ക് സമാധാനം". തന്റെ ഏകജാതനായ യേശുവിനെ ദാനമായി ലോകത്തിനു തന്ന പിതാവിനെ പോലെ പരിശുദ്ധാത്മാവ് പിതാവിന് വിശ്വാസികളിന്മേലുള്ള വാഗ്ദത്തമാണ്.
ആകയാൽ മഹത്വവും, ജ്ഞാനവും, സ്തോത്രവും, ബലുവം ശക്തിയും യേശുവിന്നായി സമർപ്പിക്കാം. വേനൽ കഴിഞ്ഞു കൊണ്ടിരിക്കുന്നു. പിൻമഴ പൊഴിയുവാൻ തുടങ്ങിയിട്ട് കാലം ഏറെയായി. കൊയ്ത്ത് അടുത്തിരിക്കുന്നു. കൊയ്ത്തിന്റെ യജമാനൻ വരുമ്പോൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി നമുക്ക് ആകാം. രക്ഷയുടെ വേരിനും വൃക്ഷത്തിനുമായി നമുക്ക് ദൈവത്തെ സ്തുതിക്കാം. വിശുദ്ധിയുടേയും സമർപ്പണത്തിന്റെയും ശക്തമായ കൊമ്പുകൾക്കായി ദൈവത്തെ മഹത്വപ്പെടുത്താം. പരിശുദ്ധാത്മാവിന്റെ വാടാത്ത ഇലകൾക്കായി നമുക്ക് ദൈവത്തിന് സ്തോത്രം ചെയ്യാം. ലോകത്തിൽ കളങ്കം പറ്റാത്ത, ക്രിസ്തുവിനു വേണ്ടി കാത്തിരിക്കുന്ന അവന്റെ കാന്തയായ മണവാട്ടി സഭയെ ചേർത്തുകൊൾവാൻ വിശുദ്ധിയെ തികച്ച് നമുക്ക ഒരുങ്ങി നിൽക്കാം.
|