
എഡിറ്റോറിയൽ
തിരുവെഴുത്ത് പരിശോധിച്ചാൽ ദൈവീക നിയോഗം ഇല്ലാതെ സ്വന്ത വിവേകത്തിൽ ആരെല്ലാം എന്തെല്ലാം ചെയ്തിട്ടുണ്ടോ അവർക്കൊക്കെ പരാജയത്തിന്റേയും നാണക്കേടിന്റേയും പട്ടിക മാത്രമേ നിരത്തുവാൻ കാണുകയുളളു. തിരുവെഴുത്തിലൂടെ ഉദാഹരണമായി ചില വ്യക്തികളെ ചൂണ്ടിക്കാണിച്ചു ചില വിഷയങ്ങൾ ചിന്തിക്കാൻ താൽപര്യപ്പെടുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാം ദൈവവിളി കേട്ടു ഇറങ്ങി. വിശ്വാസത്താൽ താൻ യാത്ര ആരംഭിച്ചു. കനാൻ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ട തേരഹ് (ഉൽപത്തി 11 : 31) തന്റെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ ഹാരാനിൽ വച്ചു മരിച്ചു. അനന്തരം ദൈവം അബ്രഹാമിനോട് ഇടപെടുന്നതാണ് 12-ാം അദ്ധ്യായം ആരംഭത്തിൽ കാണുന്നത്. കനാൻ ദേശം എന്ന സ്വപ്നം അബ്രഹാമിൽ അവശേഷിച്ചിരുന്നുവെങ്കിലും പരിചയം ഇല്ലാത്ത ദേശത്ത് ഒറ്റയ്ക്ക് പോകുവാൻ താൽപര്യം ഇല്ലാതെ തന്റെ സ്വന്ത ദേശത്തേക്ക് മടങ്ങിപ്പോകുവാനുളള താൽപര്യം ഉളളിൽ ജനിച്ചപ്പോൾ ദൈവം ഇടപെട്ടു അബ്രഹാമിനോടു, “നീ നിന്റെ ദേശത്തേയും ചാർച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക”. ദൈവത്തിന്റെ കൽപനയെ ചോദ്യം ചെയ്യാതെ അബ്രഹാം യാത്ര പുറപ്പെട്ടു കനാൻ ദേശത്തു എത്തി (ഉൽപത്തി 12 : 5). ദൈവം അബ്രഹാമിനെ നിയോഗിച്ചാക്കിയ ദേശം കനാൻ ദേശം ആയിരുന്നു. എന്നാൽ ദേശത്തു ക്ഷാമം ഉണ്ടായപ്പോൾ ദൈവം അരുളിച്ചെയ്തിരുന്ന വാഗ്ദത്തത്തെ ഓർക്കാതെ (ഉൽപത്തി 12 : 7) ആഹാര വിഷയം മുഖ്യ പ്രശ്നമായി വിലയ്ക്കെടുത്തു കുടുംബമായി ഈജിപ്റ്റിലേക്ക് ദൈവാലോചന ചോദിക്കാതെ കടന്നുപോയതിന്റെ ഭവിഷ്യത്താണ് ഇന്നും ലോകം അനുഭവിക്കുന്നത്. നാണക്കേടു സംഭവിക്കുവാൻ സാറായി ഫറവോന്റെ കൊട്ടാരത്തിൽ പോകേണ്ടിവന്നു. പിന്നത്തേതിൽ ഹാഗാർ അബ്രഹാമിന്റെ കുടുംബാംഗമായിത്തീരുവാനും ഇടയായിത്തീർന്നു. ബഹുജാതികൾക്ക് പിതാവാകും എന്നുളള വാഗ്ദത്തം നിറവേറപ്പെടേണ്ടതിന് ഇങ്ങനെയൊക്കെ സംഭവിക്കേണ്ടിയിരുന്നു. അബ്രഹാമിനും അവന്റെ സന്തതിക്കും അവകാശമായി കനാൻ ദേശം ദൈവം അനുവദിച്ച് അവരെ അവിടെയാക്കി. എന്നാൽ ചുരുക്കമായി പറയട്ടെ, ദേശം വിട്ടുപോയതുമൂലമുണ്ടായ ഭവിഷ്യത്തുകൾ വിശദീകരിക്കുന്നില്ല. സ്വന്തവിവേകത്തിൽ ഊന്നരുത് എന്നു ദൈവവചനം അനുശാസിക്കുന്നത് ഇങ്ങനെയുളള അവസ്ഥ ഉണ്ടാകാതെയിരിക്കുവാനാണ്.
അടുത്തതായി അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ വിഷയത്തിലേക്ക് വരട്ടെ. സോദോം ദേശത്തു നിന്നും ന്യായവിധിയുടെ തീച്ചൂളയിൽ അകപ്പെടാതെ ദൈവം ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുന്ന സംഭവമാണല്ലോ ഉൽപത്തി 19-ാം അദ്ധ്യായം. വഷളത്വത്തിന്റെ കേളീരംഗം ആയിരുന്ന സോദോം ദേശത്തിന്റെ പ്രഭുവായി ജീവിച്ചിരുന്ന ലോത്തിന്റെ ഭവനത്തിലേക്ക് നവാഗതരെ തേടി ആബാലവൃദ്ധം ജനങ്ങൾ തിക്കിതിരക്കി വാതിലിൽ എത്തിയപ്പോൾ ലോത്തിന്റെ ഭാഷ ജനങ്ങൾക്ക് പിടിച്ചില്ല. ഉപാധികൾ ഒന്നും വിലപ്പോയില്ല. അതുവരെ ദേശത്തിലെ ജനങ്ങൾ കൊടുത്തിരുന്ന ബഹുമാനം മാറ്റിവച്ചിട്ടു അവർ പറയുകയാണ്, “മാറിനിൽക്ക, നീ ഒരു പരദേശിയായി വന്നുപാർക്കുന്നു”. ഏതായാലും ദൈവം ഇടപെട്ടു ലോത്തിനേയും കുടുംബത്തേയും രക്ഷിച്ചു. ദൈവം നിയോഗിച്ചാക്കിയ സ്ഥലമാണ് സോവാർ. പർവ്വതത്തിലേക്കായിരുന്നു ദൈവം പ്ലാൻ ചെയ്തതു. എന്നാൽ ലോത്തിന്റെ അപേക്ഷയെ മാനിച്ചു ലോത്തു പറഞ്ഞ പട്ടണത്തിലേക്ക് ദൈവം അവരെ നിയോഗിച്ചയച്ചു. പക്ഷെ ലോത്ത് ആ പട്ടണം വിട്ടു ഒരു ഗുഹയിൽ പോയി പാർത്തു. ഭാര്യ പിറകോട്ടു നോക്കിയതിനാൽ ഉപ്പു തൂണായി പോയി. അനന്തരം ലോത്തും രണ്ട് പെൺമക്കളും ആണല്ലോ ഗുഹയിൽ പാർത്തത്. അനന്തരഫലം ഞാൻ വിശദീകരിക്കുന്നില്ല. ദൈവസന്നിധിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട രണ്ട് തലമുറകൾക്ക് ലോത്തിന്റെ പെൺമക്കൾ ജ•ം നൽകി. 19-ാം അദ്ധ്യായം വിഷയങ്ങൾ വിവരിക്കുന്നതിനാൽ ഞാൻ എഴുതുന്നില്ല. ദൈവത്തിന്റെ ആലോചന ഇല്ലാതെ ചെയ്യുന്ന വിഷയങ്ങൾക്കു ഉണ്ടാകുന്ന വിപത്തുകൾ ആണ് കുറിക്കുന്നത്.
അടുത്തത് യാക്കോബാണ്. അമ്മായിയപ്പന്റെ ഭവനത്തിൽ 21 വർഷം സേവ ചെയ്ത് രണ്ടു ഭാര്യമാരും കുട്ടികളുമായി കഴിയുമ്പോൾ ദൈവത്തോടു നേർന്ന നേർച്ച മറന്നു അവിടെ ആയിരിക്കുമ്പോൾ ദൈവം പ്രത്യക്ഷനായിട്ടു പറഞ്ഞു, ഞാൻ ബെഥേലിന്റെ ദൈവം ആകുന്നു. ആകയാൽ നീ എഴുന്നേറ്റു നിന്റെ ജ• ദേശത്തേക്കു മടങ്ങിപ്പോക. യാക്കോബ് സകലതുമായി മടങ്ങിപ്പോയി. പക്ഷെ ചെന്നുപെട്ടതു ശേഖേമിൽ ആയിരുന്നു. സകലവും മറന്നു സന്തോഷത്തോടു ദേശക്കാരുമായി ഉടമ്പടി ചെയ്തു ജീവിച്ചു. അനന്തരഫലം യാക്കോബ് തന്നെ പറയുന്നു, ഉൽപത്തി 34:30. ദേശനിവാസികളുടെ ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു എന്നു. പ്രീയ ദൈവജനമേ, ഞാനും നിങ്ങളും ദൈവം നിയോഗിച്ചാക്കുന്ന സ്ഥലമാകട്ടെ, ശുശ്രൂഷകളാകട്ടെ, സഭകളാകട്ടെ, സ്വന്ത വിവേകത്തിലൂന്നി ദൈവാലോചനയില്ലാതെ മുമ്പോട്ടു പോയാൽ മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വന്ന പരാജയങ്ങളെ കണ്ട് ദൈവാലോചനയ്ക്ക് മാത്രം ചെവികൊടുത്തു മുമ്പോട്ടു പോകാൻ സർവ്വശക്തൻ ഏവർക്കും ഇടയാക്കട്ടെ.
|